മുപ്പത്തിരണ്ടു വര്‍ഷം ജീവിതത്തില്‍ പിന്നിട്ടതില്‍ ഒരാഴ്ച മുമ്പുവരെ ജോസഫിന് ഒരത്ഭുതവും തോന്നിയിരുന്നില്ല. സന്തോഷം നിറഞ്ഞ ബാല്യം, സ്വപ്നങ്ങള്‍ നിറഞ്ഞ കൗമാരം, യൗവനാരംഭം... സുഖകരമായ ജീവിതമായിരുന്നു. പ്രേമിച്ച പെണ്ണിനെത്തന്നെ കല്യാണവും കഴിക്കാനുമായി. എന്നിട്ടും, ഒരാഴ്ചയായി താന്‍ ജീവിച്ചിരിക്കുന്ന എന്ന സത്യം വലിയൊരത്ഭുതമായി ജോസഫിനു തോന്നുന്നു.
എന്തുകൊണ്ടാണ് ഈ തോന്നല്‍ എന്ന ചോദ്യത്തിനു മറുപടി കിട്ടിയെന്നു വരില്ല. ഇന്നലെ അയാളും ജോലികഴിഞ്ഞു മടങ്ങുന്ന വഴിക്ക് മുഴുവന്‍ ആലോചിച്ചത് അതുമാത്രമാണ്. ഒരുമാസത്തിനിടയില്‍ ഉണ്ടായ രണ്ടു കൊലപാതക ശ്രമങ്ങള്‍. അവയാണ് ജോസഫിന്റെ ജീവിതത്തെ അത്ഭുതമാക്കി മാറ്റുന്നത്. അവയൊക്കെ അതിഭയങ്കരമായിമറികടക്കാന് അയാള്‍ക്കു സാധിച്ചു.
അതൊരു വൈകുന്നേരമായിരുന്നു. ജോസഫിനു നേര്‍ക്കു നടന്ന ആദ്യത്തെ കൊലപാതക ശ്രമം. അതുകഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞപ്പോഴാണ് കൊലപാതകശ്രമമായിരുന്നു എന്നു ജോസഫിനു തോന്നിയത്. വെറുമൊരു അപകടം, ഒരു ഡ്രൈവര്‍ക്കു വന്ന കൈപ്പിഴ എന്നിങ്ങനെയായിരുന്നു അയാള്‍ അതിനെക്കണ്ടിരുന്നത്. കൊലപാതകശ്രമമെന്ന് അയാള്‍ക്ക് വെറുതെയങ്ങു തോന്നുകയുമായിരുന്നില്ല. രണ്ടാമത്തെ സംഭവം കൂടിയായപ്പോള്‍ അയാള്‍ക്ക് അങ്ങനെ ചിന്തിക്കേണ്ടിവരികയായിരുന്നു. ആദ്യത്തെ സംഭവത്തെക്കുറിച്ച് ജോസഫിന് നന്നായി ഓര്‍മയുണ്ട്.
അന്ന്,വൈകുന്നേരമായിരുന്നു. ബാങ്കിലാണു ജോസഫിനു ജോലി. ജോലി, ഉദ്യോഗം എന്നൊക്കെ മേനിക്കു പറയുന്നതാണെന്നും കണക്കെഴുത്തുകാരനാണു ഞാനെന്ന് ഇടയ്ക്കിടെ ജോസഫ് ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു. കണക്കെഴുത്തുകാരാ എന്ന വിളി കേള്‍ക്കാന്‍ ജോസഫിന് ഒരുപാട് ഇഷ്ടമാണ്. അസിസ്റ്റന്റ് മാനേജരെ എങ്ങനെയാണ് മുഖത്തു നോക്കി കണക്കെഴുത്തുകാരാ എന്നു വിളിക്കുക എന്നതാണു സഹപ്രവര്‍ത്തകരുടെ പ്രശ്നം. ബാങ്കിലെ കണക്കെഴുത്തു കഴിഞ്ഞ്, സമയം ഏതാണ്ട് അഞ്ചരയായിക്കാണും. വീട്ടിലേക്കു മടങ്ങുകയായിരുന്നു. വിവാഹിതനാണ്, ഭാര്യ കോളജ് അധ്യാപികയാണ്, സ്വന്തമായി വീടുണ്ട്... എന്നിട്ടും അയാള്‍ തനിച്ചാണു താമസം. അതില്‍ പ്രത്യേകിച്ചു കാരണമൊന്നുമില്ലതാനും. ജീവനില്‍ വല്ലാതെ പേടിക്കുന്നതുകൊണ്ട് വഴിയരികു ചേര്‍ന്നാണു നടപ്പ്. പെട്ടെന്ന് പിന്നില്‍നിന്ന് ഒരുകാര്‍ പാഞ്ഞുവരികയും വഴിയരുകിലേക്കു തെന്നിമാറി ജോസഫിനെ കൃത്യമായി കുറച്ചുകൂടി വഴിയരികറ്റത്തേക്കു തള്ളിമറിക്കുകയും ചെയ്തു. എന്നിട്ട് അതു നിര്‍ത്താതെ പോയി.
എന്തോ സംഭവിച്ചു. ഒരു വീഴ്ചയല്ലേ, ജോസഫ് തട്ടിക്കുടഞ്ഞെണീക്കാന് നോക്കി. ഇടിച്ച കാറിനു നിറം കടും ചുവപ്പായിരുന്നു. അതേ നിറം തന്നെയായിരുന്നു അപ്പോള്‍ ജോസഫിന്റെ ഷര്‍ട്ടിനും പാന്റിനും. എഴുനേല്‍ക്കാന്‍ ഒന്നല്ല, പലവട്ടം ശ്രമിച്ചു. പിന്നാലെ വന്ന കാറും, ഓട്ടോറിക്ഷയും, ബൈക്കുകളുമൊന്നും ജോസഫിനെക്കാണാതെ പാഞ്ഞുപോയി. ചിലര്‍ ഇടയ്ക്കൊന്നു തിരിഞ്ഞുനോക്കി. പിന്നെ കരുണ തോന്നിയ ആരോ ഒരാള്‍ വിളിച്ചുപറഞ്ഞതു കേട്ട്, നെറ്റിയില്‍ നീല ലൈറ്റ് തെളിച്ചു പോലീസ് ജീപ്പുവന്നു. അതിലേക്കു രണ്ടുമൂന്നുപേര് ചേര്‍ന്നു തന്നെ എടുത്തുകയറ്റി. ഇവിടെവച്ച് അയാളുടെ ഓര്‍മകള്‍ മുറിഞ്ഞു.
മുപ്പത്തിരണ്ട് എന്നത് മറവിരോഗം പിടികൂടാനുള്ള പ്രായമാണെന്നതു ന്യായമായ സംശയമാണെന്ന് അയാള്‍ക്ക് അന്നേരം തോന്നി. മൂന്നോ നാലോ നാളുകള്‍ ജോസഫ് ആശുപത്രിയിലായിരുന്നു. ആശുപത്രി വിട്ട നേരം, ബാങ്കിലേക്കു പോവുകയാണെങ്കില്‍ ഒരു അരദിവസം ലീവ് ലാഭിക്കാമെന്നാണ് അയാള്‍ ചിന്തിച്ചത്. വീട്ടില്‍ തനിച്ചിരിക്കണം. ബാങ്കിലാണെങ്കില്‍ ആരെങ്കിലുമൊക്കെയുണ്ടാകും. ആശുപത്രിയില്‍നിന്ന് ഇറങ്ങാന്‍ നേരമാണു ബാങ്ക് മാനേജര്‍, തനിക്കൊരുപാട് രക്തം വേണ്ടിവന്നു എന്നു പറഞ്ഞത്. അയാളെ ഇടിച്ചിട്ട കാറിനും രക്തത്തിനും ഒരേ നിറമായിരുന്നു.
പിന്നെയുള്ള ദിവസങ്ങള്‍ പതിവുപോലെ മുന്നോട്ടുപോയി. രാവിലെ എണീക്കുകയും സമയമാകുമ്പോള്‍ ബാങ്കില്‍ കണക്കെഴുത്തിനു പോവുകയും ചെയ്തു. ഉച്ചയ്ക്ക് ബാങ്കില്‍ കൊണ്ടുവന്നു തരുന്ന ചോറുണ്ടും, വൈകുന്നേരം വിശാലമായി കാപ്പികുടിച്ചും രാത്രികളില്‍ ചിലപ്പോള്‍ ഒന്നും കഴിക്കാതെയും അയാള്‍ കിടന്നുറങ്ങി. ശനിയാഴ്ച നേരത്തെ ബാങ്കില്‍ നിന്നു പോരേണ്ടതിനാല്‍ വൈകുന്നേരം ഒരു സിനിമയ്ക്കു പോകുന്നതു പതിവാണ്.
ജോസഫ് ഈ നഗരത്തിലേക്കു സ്ഥലം മാറിവന്നിട്ട് ആദ്യമായി സിനിമയ്ക്കു പോയപ്പോള്‍ ഒരാള്‍ കൂടി ഒപ്പമുണ്ടായിരുന്നകാര്യം എല്ലാ ശനിയാഴ്ചയും അയാള്‍ക്ക് ഓര്‍മവന്നിരുന്നു. ആ ഓര്മ ഇപ്പോള്‍ ശനിയാഴ്ചയിലേക്കു മാത്രമായി ചുരുങ്ങിയോ എന്നും അയാള്‍ക്കു തോന്നിത്തുടങ്ങി. അക്കാലത്തായിരുന്നു അയാളുടെ വിവാഹം. അവളും അയാള്‍ക്കൊപ്പം ഈ നഗരത്തിലേക്കു വന്നു. അവര്‍ ഒരുമിച്ചു ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയും വര്‍ത്തമാനം പറയുകയും കിടന്നുറങ്ങുകയും ചെയ്തു. അപ്പോഴൊന്നും ജോസഫിനു താന്‍ ജീവിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരാള്‍ കൂടി തന്നോടൊപ്പമുണ്ടെന്നും തോന്നിയിരുന്നില്ല. ഒരാള്‍ തന്നോടൊപ്പമുണ്ടെന്നത് ഒരാവശ്യകതയാണെന്നും അയാള്‍ക്ക് അഭിപ്രായമുണ്ടായിരുന്നില്ല.
ഉച്ചയ്ക്ക് ബാങ്കില്‍ ഒരാള്‍ വര്‍ഷങ്ങളായി ഉച്ചയ്ക്ക് ചോറു പൊതികെട്ടികൊണ്ടുവന്നിരുന്നു. ഇവിടേക്കു സ്ഥലം മാറിവന്നപ്പോള്തന്നെ അതിനെക്കുറിച്ച് അയാള്‍ അന്വേഷിച്ചതാണ്. അതീ ബാങ്കിന്റെ ശാഖ ഇവിടെത്തുടങ്ങിയതുമുതല് ഉള്ളതാണെന്നും വലിയ വിലയില്ലെന്നും തരക്കേടില്ലാത്ത ഊണാണെന്നും അയാള്‍ക്ക് അറിയാനായി. എല്ലാവരുടെയും മതിപ്പു കേട്ടപ്പോള്‍ രാവിലെ എന്തായാലും ചോറുകെട്ടിപ്പൊതിഞ്ഞെടുക്കാനോ പാകംചെയ്യാനോ ഒന്നുമുള്ള തിരക്കു വേണ്ടെന്നും ഭാര്യയ്ക്ക് അതുകൊണ്ട് സമയം വൈകേണ്ടെന്നും തീരുമാനിച്ച് അയാളും മറ്റുള്ളവരോടൊപ്പം പൊതിഞ്ഞുവരുന്ന ചോറു വാങ്ങാന്‍ തീരുമാനിച്ചു.
രണ്ട് ആഴ്ച മുമ്പ്. ഒരു വെള്ളിയാഴ്ച.അയാള്‍ പതിവുപോലെ ഊണുകഴിച്ച്, ഇല ചുരുട്ടിക്കളഞ്ഞ്, ബാത്ത്റൂമിന്റെ അരികു ചേര്‍ന്നുനിന്നു സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുകയായിരുന്നു. അന്നേരമാണ് വലിയശബ്ദത്തോടെ ഛര്‍ദിച്ചത്. തൊട്ടടുത്ത നിമിഷം തലകറങ്ങി.ഒരപകടത്തില്‍പെട്ട് കുറച്ചുനാള്‍ മാത്രം കഴിഞ്ഞപ്പോള്‍ ഉണ്ടായ തലകറക്കവും ഛര്‍ദിയും ബാങ്കിലെ മറ്റുള്ളവരെ വല്ലാതെ പേടിപ്പിക്കുകയും അവര്‍ ജോസഫിനെ ഒട്ടും വൈകാതെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
ഭക്ഷണത്തില്‍ വിഷം കലര്‍ന്നിരുന്നു എന്ന ആശുപത്രി വിലയിരുത്തല്‍ കൂടെയുണ്ടായിരുന്നവരെ അമ്പരപ്പിച്ചു. മരിക്കാനായിരുന്നെങ്കില്‍ ഇയാള്‍ എന്നേ മരിക്കുമായിരുന്നു എന്നവര്‍ പറഞ്ഞു. പിറ്റേന്നു തന്നെ ആശുപത്രിയില്‍നിന്നു പോരുകയും വീട്ടില്‍ വിശ്രമിക്കുകയും ചെയ്തു.
ഞായറാഴ്ചകളില്‍ എവിടെയും പോകേണ്ടാത്തതിനാല്‍ ഉച്ചവരെ കിടന്നുറങ്ങുന്നത് ജോസഫിന്റെ ശീലമാണ്. രാവിലെ ഇടയ്ക്ക് എഴുനേല്‍ക്കുകയും പുതപ്പിനുള്ളില്‍ ഏറെനേരം കിടക്കുകയും ചെയ്യും. പിന്നെയും ഉറങ്ങും. ഇതിനിടയില്‍ ജനലിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ ഒരു നിലതാഴെ റോഡില്‍ക്കൂടി പള്ളിയില്‍ നിന്നു മടങ്ങുന്നവരെ കാണും. അയാള്‍ക്കു ഭാര്യയോടൊപ്പം പള്ളിയില്‍ പോകുന്ന ശീലമുണ്ടായിരുന്നത് അയാള്‍ അന്നേരം ഓര്‍ക്കും. പള്ളിയില്‍നിന്നു കുടുംബസമേതം നടന്നുപോകുന്നവരെ പ്രത്യേകമായും. അവിടെനിന്നു മധുരതരമായ ഓര്‍കളിലേക്ക് യാത്രപോകും. കുറച്ചകഴിഞ്ഞ് ഓര്‍മകളെ അതിന്റെ വഴിക്കുവിട്ട് അയാള്‍ അയാളിലേക്കു തന്നെ മടങ്ങുകയും ചെയ്യും.
ഉച്ചയ്ക്ക് എവിടെങ്കിലും പോയി എന്തെങ്കിലും കഴിക്കുകയും എന്തെങ്കിലുമൊക്കെ ചെയ്തു സമയം പോക്കുകയും ചെയ്തു പോന്നു. തിങ്കളാഴ്ചയായാല്‍ രാവിലെ തലേന്നത്തെ പതിവു തെറ്റിച്ചു വീണ്ടും കണക്കെഴുത്തിനുള്ള യാത്ര. ആഴ്ചയില്‍ ആറുദിവസം ഇങ്ങനെ ജീവിക്കുമ്പോള്‍ ഏഴാം ദിവസം ദിനചര്യകളെല്ലാം തിരിഞ്ഞുമറിയുന്നു. അന്നു താന്‍ മറ്റൊരു ലോകത്താണെന്ന് അയാള്‍ക്കറിയാം.
കുറച്ചുകാലം മുമ്പു വരെ ഞായറാഴ്ചകള്‍ അയാള്‍ക്ക് ആഘോഷമായിരുന്നു. അന്നുമുഴുവന്‍ അയാള്‍ വീട്ടില്‍തന്നെ കഴിഞ്ഞുകൂടുമായിരുന്നു. പിന്നെയുണ്ടായ ഒരു അപ്രതീക്ഷിത സംഭവമാണ് ജോസഫിന്റെ ജീവിതം മാറ്റിമറിച്ചത്. യഥാര്‍ഥത്തില്‍ രണ്ടാമതുണ്ടായതും കരുതിക്കൂട്ടിയുള്ളതാണെന്നു കഴിഞ്ഞയാഴ്ചയാണ് ജോസഫിനു മനസിലായത്. ആദ്യത്തേത് അപകടമായിരുന്നില്ലെന്നും തന്നെ കൊല്ലാന്‍ വേണ്ടി ആരോ മനഃപൂര്‍വം കാറിടിച്ചുകയറ്റുകയായിരുന്നുവെന്നും ആരുടെയൊക്കെയോ സംസാരങ്ങളിലെ സംശയത്തെ അടിസ്ഥാനപ്പെടുത്തി കൂടെ ജോലി ചെയ്യുന്ന പെണ്‍കുട്ടിയാണു ജോസഫിനോടു പറഞ്ഞത്. കഴിഞ്ഞമാസം മാത്രമായിരുന്നു അവള് ജോലികിട്ടിയെത്തിയത്. അയാള്‍ക്കും അപ്പോള്‍ മാത്രമാണ് അങ്ങനെയൊരു സംശമുണ്ടായതും. തിങ്കളാഴ്ച ഉച്ചയൂണു കഴിഞ്ഞു സിഗരറ്റ് വലിക്കുന്നതിനായി പതുക്കെ കൂട്ടത്തില്‍നിന്നു വലിയുന്നതിനിടെ രഹസ്യമായി വിളിച്ച് ആ പെണ്‍കുട്ടി ആരില്‍നിന്നോ കേട്ട കാര്യം പറയുകയായിരുന്നു.
എന്തിനാണ് ഇങ്ങനെയൊരു സംശയമുണ്ടെങ്കില്‍ അതു മറ്റുള്ളവര്‍ തന്നോട് മറച്ചുവയ്ക്കുന്നതെന്നും അയാള്‍ സംശയിച്ചു. ആരെങ്കിലും തന്നെ കൊല്ലാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അക്കാര്യം പോലീസില്‍ പരാതിപ്പെടണമെന്നു പെണ്‍കുട്ടി പറഞ്ഞു. സത്യത്തില്‍ അയാള്‍ മരണത്തെക്കുറിച്ച് ഏറെകാലത്തിനു ശേഷം അന്നു വീണ്ടും ചിന്തിക്കുകയായിരുന്നു.
മൂന്നുവര്‍ഷം മുമ്പ്. അയാള്‍ വിവാഹം കഴിക്കുന്നതിനുമുമ്പ് തലയ്ക്കുപിടിച്ച പ്രണയവുമായി നടക്കുന്ന കാലത്ത്. കോളജുവിട്ട ശേഷം തുടങ്ങിയ പ്രണയം നഷ്ടപ്പെടുമെന്നു തോന്നിയപ്പോള്‍ അയാള്‍ മരണത്തെക്കുറിച്ചു ചിന്തിച്ചു. ആത്മഹത്യയെക്കുറിച്ചായിരുന്നു അത്. പ്രണയിച്ച പെണ്‍കുട്ടിയെ നഷ്ടപ്പെടുന്നത് ആത്മഹത്യയുടെ അത്രയും ക്രൂരമായ കാര്യമല്ലെന്ന് അയാള്‍ക്കു തോന്നുന്നതുവരെ ആ ചിന്ത നീണ്ടു. അവളെത്തന്നെ വിവാഹം കഴിക്കുകയും ചെയ്തു.
പിന്നീടൊരിക്കല്അയാള് മരണചിന്തയെക്കുറിച്ച് അവളോട് പറഞ്ഞപ്പോള്‍ അവള് കുറച്ചുനേരത്തേക്കു പൊട്ടിച്ചിരിച്ചു. ആത്മഹത്യ ചെയ്യുന്നത് കുറ്റമാണെന്നോ, ക്രൂരതയാണെന്നോ ആരു പറഞ്ഞുവെന്നാണവള് ചിരി നിര്‍ത്തി ചോദിച്ചത്. ഒരാള്‍ തൂങ്ങിമരിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ എന്നു പറഞ്ഞ് അവള് ഒന്നു നിര്‍ത്തി. എന്നിട്ടു തുടര്‍ന്നു. കയര്‍ വാങ്ങുന്നതു കുറ്റമല്ല, അത് വീടിന്റെ കഴുക്കോലിലോ, ഫാനിലോ കെട്ടുന്നതു കുറ്റമല്ല... അവള് സംശയം തീര്‍ക്കാന്‍ ഇടയ്ക്ക് ആണോ എന്ന് ജോസഫിനോട് ചോദിച്ചു.ഒരിക്കലുമല്ല എന്ന മട്ടില്‍ അയാള്‍ തലയാട്ടിക്കൊടുത്തു. കെട്ടിയ കയറിന്റെ അറ്റത്തു ഒരു മനുഷ്യക്കഴുത്തിനു കടക്കാവുന്ന രീതിയില്‍ കുരുക്കിടുന്നതു ലോകത്ത് ഒരു ശിക്ഷാനിയമപ്രകാരവും കുറ്റകരമല്ല. ആ കുരുക്കില്‍ കഴുത്തുകയറ്റുന്നതും കുറ്റമല്ല. അതില്‍ കുടുങ്ങി, ഇത്തിരി ശ്വാസം കിട്ടാന്‍ വേണ്ടി പിടയുന്നതോ, കാലുകള്‍ നഖത്തിന്റെ പോറലേറ്റു മുറിയുന്നതോ കുറ്റമല്ല. പിന്നെ മരിക്കുന്നതെങ്ങനെ കുറ്റമാകും.
അവളുടെ ചോദ്യത്തിന്റെ രസികത്വത്തെക്കുറിച്ച് അയാള്‍ ആ രാത്രി മുഴുവന്‍ ചിന്തിച്ചു കഴിഞ്ഞു. താന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത് ഒരു അത്ഭുതമേ അല്ലെന്ന് അവള് ചിന്തിക്കുന്നതായി ആ രാത്രിയില്‍ അയാള്‍ക്കു തോന്നി. ഒരാഴ്ചയായുള്ള മരണഭയത്തില്‍ കഴിഞ്ഞുകൂടവേ പഴയകാര്യങ്ങള്‍ ഒന്നും ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചില്ല. ആരോ തന്നെക്കൊല്ലാന്‍ പിന്നാലെ നടക്കുന്നുണ്ടെന്ന് അയാളും വിശ്വസിച്ചു. എന്നും വീട്ടിലേക്കു പോകുന്നതു പല വഴിക്കാക്കി. വഴിമാറി സഞ്ചരിക്കാന്‍ വേണ്ടി കിലോമീറ്ററുകളോളം അധികം നടന്നു. ഉച്ചയ്ക്കു ഭക്ഷണം പുറത്തു ഹോട്ടലില്‍നിന്നാക്കി. അതും എന്നും പല ഹോട്ടലുകളില്‍നിന്ന്. രാത്രി കിടക്കാന്‍ നേരത്തു വീടിന്റെ ജനലുകളും വാതിലുകളും ആര്‍ക്കും അതിക്രമിച്ചുകയറാനാകാത്ത വിധം അടച്ചിട്ടുള്ളതായി ഉറപ്പുവരുത്തി. രാത്രിയില്‍ ഇടയ്ക്കിടയ്ക്ക് മുറി തുറന്നുനോക്കി. ആരുമില്ലെന്നുറപ്പുവരുത്തി വീണ്ടും ഉറങ്ങി. രാവിലെ ബാങ്കിലേക്കുള്ള യാത്രയും പലവഴിയാക്കി. പല വഴികളും അയാള്‍ ആദ്യം കാണുന്നതായിരുന്നു. അങ്ങനെയും ചിലയിടങ്ങളില്‍ എത്താമെന്നതും അയാളുടെ പുതിയ അറിവായിരുന്നു. വെള്ളിയാഴ്ച ബാങ്കില്‍നിന്ന് ഇറങ്ങാന്‍ നേരമാണ് അയാള്‍ക്ക് ഫോണ്‍ വന്നത്.
അപ്പുറത്ത് ഒരു സ്ത്രീ സ്വരമായിരുന്നു. തന്നെ അങ്ങനെ സ്ത്രീകളൊന്നും വിളിക്കാത്തതിനാല്‍ അയാളിലും സ്വാഭാവികമായി ഒരു ആവേശമുണര്‍ന്നു. സ്ത്രീസ്വരം പേരു പറഞ്ഞതു കേട്ട് അയാള്‍ അമ്പരന്നു. തന്റെ ഭാര്യയുടെ പേര്. അത് തന്റെ ഭാര്യ തന്നെയായിരുന്നുവെന്നു മനസിലാക്കാന്‍ ``ഇന്നത്തെ കണക്കെഴുത്തൊക്കെ'' കഴിഞ്ഞോ എന്ന ചോദ്യം വരെ അയാള്‍ക്കു ക്ഷമിക്കേണ്ടിവന്നു. സംസാരിച്ചുകഴിഞ്ഞ് ബാങ്കില്‍നിന്നിറങ്ങി നേരായ വഴിയില്‍ വീട്ടിലേക്കു നടന്നു. ദിനചര്യകളെയെല്ലാം തെറ്റിക്കേണ്ട ഞായറാഴ്ചയ്ക്കു കാത്തുനില്‍ക്കാതെ ഇന്നലെ, ശനിയാഴ്ച വൈകുന്നേരം അയാള്‍ ഒരു ചെറിയ ബാഗുമെടുത്തു വീടുപൂട്ടിയിറങ്ങി.
മൂന്നുമാസം മുമ്പ് ഭാര്യ തെറ്റിപ്പിരിഞ്ഞു അവിടം വിട്ടുപോയി താമസം തുടങ്ങിയതിനുശേഷം ആദ്യമായിരുന്നു ആ നഗരം വിട്ടുള്ള യാത്ര. വീണ്ടും കാണണമെന്നുള്ള ഭാര്യയുടെ ആഗ്രഹം കേട്ട് അയാള്‍ മരണഭയം മാറ്റിവച്ചു യാത്ര ചെയ്യുകയാണ്. മരണഭയത്തെക്കുറിച്ചു പറഞ്ഞാല്‍ അതൊരു കുറ്റമല്ല എന്നവള്‍ പറയുമെന്നയാള്‍ ഓര്‍ത്തു. മൂന്നുമാസങ്ങള്‍ക്കു ശേഷം കാണുമ്പോള്‍ അവള്‍ക്കോ അയാള്‍ക്കോ പറയത്തക്ക മാറ്റങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.
അവള് താമസിക്കാന്‍ ഒരു വാടകവീടെടുത്തിരുന്നു എന്ന ചിന്ത അയാളെ അത്ഭുതപ്പെടുത്തി. കാരണം അവളുടെ നാട് അവിടെയടുത്തായിരുന്നു. അയാള്‍ അവളോടൊപ്പമാണ് വീട്ടിലേക്കെത്തിയത്. വഴി പറഞ്ഞു തന്നാല്‍ തെറ്റിയേക്കുമെന്ന് അവള് തന്നെ പറഞ്ഞിരുന്നു. നാലുവര്‍ഷം പ്രേമിച്ചു നടന്നതിനാല്‍ ഇവള്‍ക്കു തന്റെ തെറ്റലുകളെക്കുറിച്ച് ഇപ്പോഴും നല്ല നിശ്ചയമാണെന്നോര്ത്ത് അയാള്‍ക്കു ചിരിവന്നു, അത്ഭുതവും.
അവര്‍ വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ചും അവര്‍ ഒരുമിച്ചു മടങ്ങുന്നതിനെക്കുറിച്ചും അവള് പറയുമെന്ന് അയാള്‍ കരുതി. അവള് അതെക്കുറിച്ച് ഒന്നു സൂചിപ്പിക്കുന്നതു പോലുമില്ലെന്നറിഞ്ഞ് അയാള്‍ തന്നെ അക്കാര്യം പറയാന്‍ തീരുമാനിച്ചു. അവള് അവളെക്കുറിച്ചോ അയാളെക്കുറിച്ചോ അവരെക്കുറിച്ചോ ഒന്നും പറയാതിരിക്കുകയും അവള് പഠിപ്പിക്കുന്ന സാമ്പത്തികശാസ്ത്രത്തെക്കുറിച്ചു വാചാലയാവുകയും ചെയ്തു. ബാങ്കിലെ കണക്കെഴുത്തുകാരനായതുകൊണ്ടും അയാള്‍ക്കും സാമ്പത്തികശാസ്ത്രം ഇഷ്ടപ്പെട്ട വിഷയമായതുകൊണ്ടും ഇരുവര്‍ക്കും മറ്റെന്തെങ്കിലും വരും നിമിഷങ്ങളില്‍ പറയാനുണ്ടാകുമെന്നും കരുതി അയാളും അവളുടെ സംസാരത്തില്‍ സജീവമായി പങ്കുചേര്‍ന്നു.
അയാള്‍ക്കിഷ്ടമുള്ള കറികള്‍ അവള് മറന്നിട്ടില്ല എന്നോര്മിപ്പിക്കുന്ന തരത്തിലായിരുന്നു അവള് ഒരുക്കിയ അത്താഴം. അതുകഴിഞ്ഞ് സംസാരം തുടങ്ങാന്‍ ജോസഫ് ശ്രമിക്കുന്നതിനിടയില്‍ അവള് താല്പര്യമില്ലാതെ മറുപടിയോടെ ഉറങ്ങാമെന്നു പറഞ്ഞപ്പോള്‍ ഇവള് തന്നെ പറ്റിക്കുകയാണോ എന്ന് അയാള്‍ക്കു തോന്നി. മുമ്പായിരുന്നെങ്കില്‍ അതു നേരിട്ടുചോദിക്കാമായിരുന്നുവെന്നും ഇപ്പോള്‍ തെറ്റിപ്പിരിഞ്ഞുപോയ ഭാര്യയോട് അതു ചോദിക്കേണ്ടെന്നും അയാളുടെ മനസു തീരുമാനമെടുത്തു.
ഒരുമിച്ചുറങ്ങാമെന്നു പറഞ്ഞ് അയാളെയും കൂട്ടി അവള് കിടപ്പുമുറിയിലേക്കു പോയി. അയാള്‍ക്ക് താന്‍ ജീവിച്ചിരിക്കുന്നു എന്ന് ഒരാഴ്ചയായി തോന്നുന്നതിനേക്കാള്‍ അത്ഭുതമാണു ജോസഫിന് അപ്പോള്‍ ഉണ്ടായത്. അപകടത്തിലോ, വിഷത്തിലോ താന്‍ മരിച്ചുപോയിരുന്നെങ്കില്‍ എന്ന ചിന്ത അയാള്‍ക്കു താങ്ങാവുന്നതിനും അപ്പുറമായി. അവര്‍ ഒരുമിച്ചുറങ്ങാന്‍ കിടക്കുകയും രതിയിലേര്‍പ്പെടണമെന്ന് അവള് സ്വരം താഴ്ത്തി ജോസഫിനോടു പറയുകയും ചെയ്തു.
ഭാര്യ തന്നോടൊപ്പം മടങ്ങിവരികയാണെന്ന തോന്നലാണ് അയാള്‍ക്ക് അവളുടെ ചോദ്യത്തില്‍ തോന്നിയത്. അയാള്‍ സമ്മതിക്കുകയും അവര്‍ ഉറങ്ങാന്‍ കിടക്കുകയും ചെയ്തു. അവള് ജോസഫിന്റെ കൈകള്ക്കുള്ളിലായ സമയത്താണു തന്നെയാരോ കഴിഞ്ഞ മൂന്നുമാസമായി കൊല്ലാന്‍ ശ്രമിക്കുകയാണെന്നും അപകടമുണ്ടായെന്നും ഭക്ഷണത്തില്‍ വിഷം കലര്‍ന്നെന്നും അയാള്‍ പറഞ്ഞത്. അപ്പോള്‍ അവളില്‍ ഒരു പിടച്ചിലുണ്ടാകുന്നത് അയാള്‍ തിരിച്ചറിഞ്ഞു. അയാളില്‍ പറ്റിച്ചേര്‍ന്നിരുന്നു അവള്. അവളുടെ കഴുത്തു വിയര്‍ത്തുകുളിച്ചത് അയാള്‍ രുചിച്ചറിഞ്ഞു.അവള് ഒന്നും മിണ്ടാതെ കുറച്ചുനേരം അയാളുടെ കൈകള്‍ക്കുള്ളില്‍ കിടന്നു. പിന്നെ `നിങ്ങള്‍ക്കു മരിക്കാന്‍ പേടിയുണ്ടോ' എന്നു ചോദിച്ചുകൊണ്ട് എഴുനേല്‍ക്കുകയായിരുന്നു.
മുറിയിലെ ഇത്തിരിവെട്ടത്തില്‍ അവള് മൂന്നുമാസം കൊണ്ടു കൂടുതല്‍ അഴകുള്ളവളായി എന്നയാള്‍ക്കു തോന്നി. അതേ നിമിഷത്തില്‍ അയാളുടെ കഴുത്തിനോട് രണ്ടു കൈകള്‍ ഇരുട്ടിലൂടെ ചേര്‍ന്നു ചുറ്റി. അനന്തരം ചുറ്റും ഇരുട്ടുമാത്രമായി.
Saturday, March 1, 2008
Subscribe to:
Post Comments (Atom)
5 comments:
nalla katha...nalla bhasha...
ezhuthooo..vayikkan aalukal undu...
Dileep
Edappal
enna ithoke publish cheyya.
vayikan kathiri kkunnu
nice............ njan orupadu late ayippoyi....... ninte stories ennum enikku priyamayirunnu......... ippo kattedukkathe vayichathinte aaswasam........
സഖാവെ, its really great, ഇത് publish ചെയ്തു കൂടെ.,
Post a Comment