Friday, March 14, 2008

പെണ്ണെഴുത്തിന്റെ നൊബേല്‍

``നിങ്ങള്‍ എന്റെ ജീവിതത്തിലേക്കു നോക്കുമ്പോള്‍ 1930 കളുടെ അവസാനത്തിലേക്കു പോകാനാവും. അവിടെ ഞാന്‍ കണ്ടത്‌ എന്റെ കഥകളിലുണ്ട്‌. ഹിറ്റ്‌ലര്‍ മരണമില്ലാത്തവനായും മുസോളിനി 10,000 വര്‍ഷമെങ്കിലും ജീവിക്കുമെന്നും തോന്നി. സോവിയറ്റ്‌ യൂണിയന്‍ എന്നെന്നേയ്‌ക്കുമായി നിലനില്‍ക്കുന്നതാണെന്നും എല്ലാവരും കരുതി. ബ്രിട്ടീഷ്‌ സാമ്രാജ്യം അവസാനിക്കുന്നത്‌ ആരും സ്വപ്‌നം കണ്ടില്ല. പിന്നെ ഞാനെങ്ങനെ സ്‌ഥിരതയില്‍ വിശ്വസിക്കും....''

ഒരിക്കലും സ്‌ഥിരതയില്‍ വിശ്വസിക്കാത്ത,
പതിനഞ്ചാം വയസില്‍ സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച,
ജീവിതത്തെ പല വഴികളില്‍ എഴുതിയ,
ഡോറിസ്‌ ലെസിംഗിന്‌ സാഹിത്യ നൊബേല്‍.
ലെസിംഗ്‌ എഴുതുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു.
ബാല്യത്തില്‍ നഷ്‌ടമായ സ്വര്‍ഗങ്ങളെ എഴുത്തിലൂടെ തിരിച്ചെടുക്കുകയായിരുന്നു.
മാര്‍ത്തയുടെ സ്വപ്‌നങ്ങളില്‍ തുടങ്ങിയ എഴുത്ത്‌ എണ്‍പത്തേഴില്‍ എത്തി നില്‍ക്കുമ്പോള്‍ അവരുടെ ജീവിതം കുറുകിയ കഥച്ചിത്രങ്ങളായി.
കടന്നു പോയ വഴികളേറെ... തങ്ങിയ നാടുകളും വീടുകളുമേറെ. രണ്ടു വിവാഹങ്ങള്‍. മൂന്നു കുട്ടികള്‍. വര്‍ണവിവേചനം, നാസിസം, കമ്മ്യൂണിസം, ബ്രിട്ടീഷ്‌ സാമ്രാജ്യം... അനുഭവിച്ചറിഞ്ഞതുമേറെ.
സുവര്‍ണ പുസ്‌തകം
ലെസിംഗ്‌ ലോകസാഹിത്യത്തില്‍ അറിയപ്പെടുന്നതു തന്നെ ഗോള്‍ഡന്‍ നോട്‌ബുക്ക്‌ എന്ന നോവലിന്റെ പേരിലാണ്‌. അവരുടെ രചനകളില്‍ ഏറ്റവും വലിപ്പമേറിയതും ഇതു തന്നെ. സ്‌ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ എന്നും ആശങ്കാകുലയായിരുന്ന ലെസിംഗ്‌ ഗോള്‍ഡന്‍ നോട്ട്‌ബുക്കില്‍ പറയുന്ന കാര്യങ്ങളും മറ്റൊന്നല്ല. 1962-ലാണ്‌ ഗോള്‍ഡന്‍ നോട്ട്‌ ബുക്ക്‌ പുറത്തുവരുന്നത്‌.
അന്നേയ്‌ക്ക്‌ ലെസിംഗ്‌ ജീവിതത്തില്‍ ഒരുപാടു പാഠങ്ങള്‍ പഠിച്ചു കഴിഞ്ഞിരുന്നു. ഈ പാഠങ്ങളിലൂടെയാണ്‌ അവര്‍ സ്‌ത്രീ ജീവിതത്തിന്റെ സുവര്‍ണ പുസ്‌തകം കുറിച്ചത്‌. സ്‌ത്രീ ജീവിതത്തെക്കുറിച്ച്‌ എന്നും ഏറെ സംസാരിക്കുകയും എഴുതുകയും ചെയ്‌തപ്പോള്‍ ലെസിംഗിനെ ലോകത്തിന്റെ പല ഭാഗങ്ങളും ഫെമിനിസ്‌റ്റ്‌ എന്നു വിളിച്ചു. അവര്‍ക്കതു കേള്‍ക്കാന്‍ നേരമുണ്ടായിരുന്നില്ല.
ഫെമിനിസ്‌റ്റെന്ന വിളിയെ സ്‌നേഹപൂര്‍വം വിലക്കിക്കൊണ്ടായിരുന്നു അവരുടെ എഴുത്ത്‌. ഫെമിനിസം എന്നതു മാത്രമാണ്‌ സ്‌ത്രീ ജീവിതത്തെക്കുറിച്ചുള്ള എഴുത്തെന്ന്‌ താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു ലെസിംഗിന്റെ പക്ഷം. അങ്ങനെയാണ്‌ അവര്‍ ലോകസാഹിത്യത്തിന്റെ നിറുകയിലേക്കെഴുതിയെത്തിയതും. ഈ വാതില്‍ തുറക്കുമ്പോള്‍ പുറത്തേക്കു വരുന്നത്‌ ആര്‍ത്തലയ്‌ക്കുന്ന സ്വരമാണ്‌. സൂക്ഷിച്ചുകേട്ടാല്‍ അതൊരു സ്‌ത്രീയുടേതാണെന്നറിയാനാകും. വിഷാദിയായ ഒരു സ്‌ത്രീയുടെ തേങ്ങിത്തേങ്ങിയുള്ള കരച്ചില്‍ പെരുകിപ്പെരുകിയുണ്ടാകുന്ന സ്വരമാണെന്നറിയാനാകും...
ലോകത്തെമ്പാടും ലക്ഷക്കണക്കിനു കോപ്പികള്‍ വിറ്റഴിഞ്ഞ ഗോള്‍ഡന്‍ നോട്‌ബുക്കിനെക്കുറിച്ചു പറയുന്നതിങ്ങനെ. ഇതു തന്നെയായിരുന്നു ലെസിംഗ്‌ എഴുത്തിലൂടെ ലോകത്തോടു പറയാന്‍ കരുതിവച്ചതും. സ്‌ത്രീയുടെ കുടുംബം, സ്വകാര്യത, ലൈംഗികത എന്നീ കാര്യങ്ങളില്‍ ലെസിംഗ്‌ എപ്പോഴും ഫെമിനിസ്‌റ്റ്‌ ചിന്താധാരകള്‍ക്കുമപ്പുറമായിരുന്നു. എഴുത്തിലേക്കു കുടിയേറിയതു കണ്ടറിഞ്ഞതും തൊട്ടറിഞ്ഞതുമായ ലോകങ്ങളായിരുന്നു. ഇറാനില്‍നിന്നു ലണ്ടനിലേക്കുള്ള എണ്‍പത്തേഴു വര്‍ഷം വര്‍ഷം പിന്നിട്ട യാത്ര ബാക്കിവച്ച കാര്യങ്ങള്‍ മാത്രം. ..
ഡോറിസ്‌ മേ ടെയ്‌ലര്‍ ഡോറിസ്‌ ലെസിംഗിലേക്ക്‌
.......................................................................................
തുടക്കം...ലെസിംഗിന്റെ ജീവിതസഞ്ചാരം തുടങ്ങുന്നത്‌ ഇറാനില്‍നിന്ന്‌. ഇറാന്‍ അന്ന്‌ ലോകത്തിനു മുന്നില്‍ പേര്‍ഷ്യയാണ്‌. 1919 ഒക്‌ടോബര്‍ 22ന്‌ പഴയ പേര്‍ഷ്യയിലെ കെര്‍മന്‍ഷായിലായിരുന്നു ജനനം. കാഴ്‌ചകള്‍ കണ്ടു തുടങ്ങിയ കാലം. ആറാം വയസില്‍ ഇറാനില്‍നിന്നു റോഡീസിയയിലേക്ക്‌.
ഇന്ന്‌ റോഡീസിയ അറിയപ്പെടുന്നത്‌ സിംബാബ്‌വേയെന്ന്‌. കൃഷിയായിരുന്നു കുടുംബത്തിന്റെ ഉപജീവനമാര്‍ഗം. ചോളക്കൃഷിക്കായിരുന്നു ഈ നാടുമാറ്റം. ചോളം വിതച്ച ആയിരമേക്കറില്‍ കണ്ണീര്‍പൂക്കളാണ്‌ ആദ്യം വിളഞ്ഞത്‌. പരിഷ്‌കൃതമല്ലാത്ത നാട്ടിലും ഒരു വിക്‌ടോറിയന്‍ ജീവിതമായിരുന്നു ഡോറിസിന്റെ മാതാവിന്റെ സ്വപ്‌നം. ഈ സ്വപ്‌നത്തിനു നിറം ചാര്‍ത്തിയാണു ഡോറിസിനെ റോമന്‍ കത്തോലിക്കാ പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ചേര്‍ത്തത്‌. ഡോറിസിനു പക്ഷേ പഠനം ഏറെക്കാലം തുടരാനായില്ല. കത്തോലിക്കാ കുടുംബമായിരുന്നില്ല ഡോറിസിന്റേതെന്നായിരുന്നു കാരണം.
പതിനഞ്ചാം വയസില്‍ സ്‌കൂളിനോടു വിടപറഞ്ഞു. പിന്നെ പഠനം സ്വയമായിരുന്നു. ഒപ്പം ഇടയ്‌ക്കിടെ ആയയുടെ ജോലിക്കും പോയി. കൃഷി വന്‍പരാജയമായിരുന്ന കുടുംബപശ്‌ചാത്തലത്തില്‍ ഡോറിസിനു ചിലപ്പോള്‍ മറ്റുവഴികളില്ലാതാവുകയായിരുന്നു. സീക്രട്ട്‌ ഗാര്‍ഡനും ബൈബിള്‍ കഥകളും നെപ്പോളിയന്‍, ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍, ചാള്‍സ്‌ ഡിക്കന്‍സ്‌ എന്നിവരുടെ ജീവിതരേഖകളും ഇതിനകം ഡോറിസ്‌ വായിച്ചുകഴിഞ്ഞു. ഇക്കാലത്താണ്‌ എഴുത്തു തുടങ്ങുന്നത്‌. ആദ്യ രചന ഷേക്‌സ്‌പിയറിന്റെ കഥപാത്രങ്ങളിലൂടെയായിരുന്നു. പഠനം നിര്‍ത്തേണ്ടിവരികയും സ്വപ്‌നങ്ങള്‍ക്കു മേല്‍ വിഷാദം പടരുകയും ചെയ്‌തനാളുകളില്‍ ബാല്യത്തിലെ കഷ്‌ടതകളെക്കുറിച്ചായിരുന്നു ഇവ.
ഈ എഴുത്തില്‍ ഡോറിസിനു മതിവന്നില്ല. കടന്നുപോയ ബാല്യം വല്ലാതെ ഉലച്ചിരുന്നു. അവരുടെ കാഴ്‌ചകളും സ്വപ്‌നങ്ങളും ബ്രിട്ടീഷ്‌ കോളനികളിക്കാരിലും തദ്ദേശീയരിലും പറന്നു നടന്നു. അവരുടെ ജീവിതങ്ങളായി പിന്നെ ഡോറിസിന്റെ മനസിനെ ഏറ്റവും ഉലച്ചത്‌.
മുപ്പതില്‍ ആദ്യപുസ്‌തകം
മുപ്പതാം വയസില്‍ ഡോറിസിന്റെ ആദ്യ പുസ്‌തകം പുറത്തുവന്നു. ദ ഗ്രാസ്‌ ഈസ്‌ സിംഗിംഗ്‌. കറുത്ത വര്‍ഗക്കാരിയായ വീട്ടുജോലിക്കാരിയുടെ മേല്‍ വെളുത്തവര്‍ഗക്കാരിയായ വീട്ടമ്മയുടെ പീഡനങ്ങളായിരുന്നു പ്രമേയം. തൊട്ടുപിന്നാലെ മൂന്നു നോവലുകളുടെ പരമ്പര. ചില്‍ഡ്രന്‍ ഓഫ്‌ വയലന്‍സ്‌ എന്നു പേരിട്ട പരമ്പരയില്‍ മാര്‍ത്ത ക്വസ്‌റ്റ്‌, എ പ്രോപ്പര്‍ മാര്യേജ്‌, എ റിപ്പിള്‍ ഫ്രം ദ സ്‌റ്റോം എന്നിവയായിരുന്നു നോവലുകള്‍.
ബാല്യത്തില്‍നിന്നു കൗമാരത്തിലേക്കും അവിടെനിന്നു യൗവനത്തിലേക്കും കടന്ന പെണ്‍ജീവിതത്തിന്റെ രേഖപ്പെടുത്തലായിരുന്നു ഈ നോവലുകളില്‍ താന്‍ നടത്തിയതെന്നു പിന്നീട്‌ ഡോറിസ്‌ പറഞ്ഞു. പിന്നീട്‌ നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ ഡോറിസ്‌ ലോകത്തിനു മുന്നില്‍ ഒന്നുമെഴുതാതിരുന്നു. ലോകമാകെ പിന്നീടു ആവേശത്തോടെ വായിച്ച ഗോള്‍ഡന്‍ നോട്ട്‌ബുക്കിലേക്കുള്ള മനസൊരുക്കമായിരുന്നു ഇക്കാലത്ത്‌. ഡോറിസിന്റെ ഗോള്‍ഡന്‍ നോട്ട്‌ബുക്കിനെക്കുറിച്ചു സെക്ഷ്വല്‍ പൊളിറ്റിക്‌സിന്റെ രചയിതാവായ കേറ്റ്‌ മില്ലെറ്റ്‌ ഇങ്ങനെ പറഞ്ഞു. `ഞങ്ങളുടെ തലമുറയെ തൊട്ടറിയാന്‍ വഴിയൊരുക്കുന്ന ഒന്നാണു ഗോള്‍ഡന്‍ നോട്ട്‌ബുക്ക്‌. ഓരോ തലമുറയിലേയും സ്‌ത്രീയെക്കുറിച്ച്‌ ഒരുപാടു പറയുന്ന പുസ്‌തകം. വായിച്ചു തുടങ്ങി, ഞാന്‍ ചിന്തിച്ചു. ഞാനേറെക്കാലമായി എഴുതാന്‍, വായിക്കാനെങ്കിലും കാത്തിരുന്ന പുസ്‌തകം.'

ലെസിംഗിന്റെ എഴുത്തിന്റെ കാലങ്ങളില്‍ കൃത്യമായി മൂന്നു പിരിവുകള്‍ കാണാനാകും. സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചെഴുതിയ കാലത്തെ കമ്മ്യൂണിസ്‌റ്റ്‌ എഴുത്തെന്നു വിളിച്ചു.
1994നും 1956നുമിടയിലവയിരുന്നു അവരുടെ ഇടതെഴുത്തുകള്‍ പുറത്തുവന്നത്‌. അവര്‍ക്ക്‌ അന്നും ഇന്നും ചായ്‌വ്‌ ഇടതു രാഷ്‌ട്രീയത്തോടു തന്നെ. പിന്നീട്‌ 1969 വരെ മനശാസ്‌ത്രപരമായ എഴുത്തുകളുമായും അതിനുശേഷം ശാസ്‌ത്രവുമായിരുന്നു ഡോറിസിന്റെ രചനാ ലോകം.
കമ്മ്യൂണിസ്‌റ്റ്‌ കാലത്തും സൂഫികാലത്തുമുള്ള രചനകള്‍ ഏറെ വിമര്‍ശനങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിധേയമായപ്പോള്‍ ശാസ്‌ത്രവഴിയില്‍ അവര്‍ എഴുതിയ രചനകള്‍ വേണ്ടത്ര ശ്രദ്ധനേടിയില്ലെന്നതും ശ്രദ്ധേയമാണ്‌.
ഇങ്ങനെ ലോകസാഹിത്യത്തിന്റെ എഴുത്തുപുരയില്‍നിന്നു ലെസിംഗ്‌ മറന്നുകൊണ്ടിരിക്കുന്നതിനിടെയാണ്‌ അവരെത്തേടി നൊബേല്‍ എത്തിയത്‌. ഇന്നിന്റെ ഏറ്റവും മികച്ച സാമൂഹിക എഴുത്ത്‌ ശാസ്‌ത്രത്തിലൂടെയാകണമെന്ന വിശ്വാസമാണു തന്റെ എഴുത്തിന്റെ വഴി തിരിച്ചുവിട്ടതെന്നാണ്‌ അവരുടെ അഭിപ്രായം. ഒന്നാം ലോകമഹായുദ്ധാനന്തരമുള്ള കാലത്താണ്‌ ഡോറിസിംഗിന്റെ എഴുത്തിനു ജീവന്‍ വച്ചത്‌. ഇക്കാലത്ത്‌ അവര്‍ പലപ്പോഴും വരികളില്‍ യുദ്ധത്തോടുള്ള നീരസം നിറച്ചു. യുദ്ധത്തെ വിഷമെന്നു വിളിച്ച അവര്‍ നമ്മളെല്ലാം യുദ്ധത്തിന്റെ സന്തതികളാണെന്നു പറഞ്ഞു. യുദ്ധം നമ്മളെ വളച്ചൊടിച്ചെന്നു പറഞ്ഞു വിശദീകരിച്ച അവര്‍ അതൊക്കെ മറക്കണമെന്നുപദേശിക്കുകയായിരുന്നു.
ഡോറിസ്‌ എഴുത്തിനപ്പുറം
പതിനഞ്ചാം വയസില്‍ ഔദ്യോഗിക വിദ്യാഭ്യാസം ഒരു സ്വപ്‌നമായി അവശേഷിക്കുന്നു എന്നു തിരിച്ചറിഞ്ഞതു മുതല്‍ ജീവിക്കാനുള്ള യുദ്ധത്തിലായിരുന്നു ഡോറിസ്‌. അതിനിടയിലായിരുന്നു ലോകസാഹിത്യം അവരുടെ വായനയിലേക്കെത്തിയത്‌. വീട്ടിലെ ചോളക്കൃഷിക്കു സഹായിക്കുന്നതിനൊപ്പം അവര്‍ ആയയുടെ ജോലിക്കും ഇടയ്‌ക്കു പോയി. ഇവിടെയൊക്കെയാണ്‌ എഴുത്തിലേക്കുള്ള വഴികള്‍ ഡോറിസില്‍ ശക്‌തമായത്‌. ദ ഗ്രാസ്‌ ഈസ്‌ സിംഗിംഗില്‍ പറയുന്ന കറുത്തവര്‍ഗക്കാരിയായ വീട്ടുജോലിക്കാരിയില്‍ ചിലയിടങ്ങളില്‍ തന്റെ അടയാളങ്ങളുണ്ടെന്ന്‌ ഡോറിസ്‌ തന്നെ ചില അഭിമുഖങ്ങളില്‍ പിന്നീടു പറഞ്ഞു.1937-ല്‍ പത്തൊമ്പതാം വയസിലായിരുന്നു ആദ്യ വിവാഹം. അന്ന്‌ സാലിസ്‌ബറിയില്‍ ടെലിഫോണ്‍ ഓപ്പറേറ്ററുടെ ജോലിയുണ്ടായിരുന്നു ഡോറിസിന്‌. വിവാഹം ഒരു കെണിയാണെന്നു തിരിച്ചറിഞ്ഞതിനാല്‍ അതവസാനിപ്പിച്ചു എന്നായിരുന്നു ആദ്യ ബന്ധം വേര്‍പെടുത്തിക്കൊണ്ട്‌ ഡോറിസിന്റെ പ്രതികരണം. ബന്ധം അധികനാള്‍ നീണ്ടില്ല. അവിടെവച്ചാണ്‌ ഡോറിസിന്റെ ഇടതുപക്ഷ പ്രേമം തുടങ്ങുന്നത്‌. കമ്മ്യൂണിസ്‌റ്റുകളുടെ കൂട്ടമായ ലെഫ്‌റ്റ്‌ ബുക്ക്‌ ക്ലബിന്റെ സജീവ പ്രവര്‍ത്തകയായതോടെ ഡോറിസിന്റെ എഴുത്തില്‍ ചുവപ്പും വിപ്ലവവുമൊക്കെ എത്തി. എല്ലായ്‌പോഴും എഴുത്തിനെക്കുറിച്ച്‌ അവര്‍ പറഞ്ഞതിങ്ങനെയായിരുന്നു....
എന്റെ ജീവിതമുണ്ട്‌ ഈ എഴുത്തില്‍. സ്‌ത്രീ, കുടുംബം എന്നീ കാര്യങ്ങളില്‍ ഒന്നാം ബന്ധം തകര്‍ന്നതോടെയാണു ലെസിംഗിന്റെ വരികള്‍ക്കു ചൂടേറിയത്‌. പക്ഷേ, അവര്‍ അപ്പോഴും ഓര്‍മപ്പിച്ചിരുന്നു, താനൊരു ഫെമിനിസ്‌റ്റേ അല്ല. ഞാന്‍ നിങ്ങളുടെ സഹോദരിയാണെന്നു ചിന്തിക്കൂ... നമുക്ക്‌ നന്മയിലേക്കു മുന്നേറാം എന്നു പറഞ്ഞപ്പോഴെല്ലാം അവര്‍ ഫെമിനിസ്‌റ്റ്‌ ചിന്തകള്‍ക്കുമുന്നില്‍ വാതില്‍കൊട്ടിയടയ്‌ക്കുകയും ചെയ്‌തു. ഇവിടെ എഴുത്തുകള്‍ ചരിത്രത്തെയും സംസ്‌കാരത്തേയും ചോദ്യം ചെയ്യുന്നു എന്ന ഒരു ഘട്ടത്തില്‍ ഡോറിസിന്‌ ആഫ്രിക്കയുടെ തന്നെ ചിലഭാഗങ്ങളില്‍ വിലക്കുണ്ടായി. ദക്ഷിണാഫ്രിക്കയില്‍ ഒരു കാലത്ത്‌ അവര്‍ക്കു പ്രവേശനം പോലുമില്ലാതായി. രണ്ടാം വിവാഹ ബന്ധവും ഡോറിസിന്‌ കുറേ അനുഭവങ്ങള്‍ സമ്മാനിച്ചു കുറഞ്ഞകാലം കൊണ്ട്‌ മൃതിയടഞ്ഞു. ഉഗാണ്ടയിലെ ജന്‍മന്‍ സ്‌ഥാനപതിയായിരുന്ന ഗോട്ട്‌ ഫ്രീഡ്‌ ലെസിംഗായിരുന്നു രണ്ടാം ഭര്‍ത്താവ്‌.
നാല്‍പതിലേറെ പുസ്‌തകങ്ങള്‍... നോവല്‍, കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍... പ്രണയവും ലൈംഗികതയും മുതല്‍ തീക്ഷ്‌ണമായ ഇടതു പ്രത്യയശാസ്‌ത്ര ചിന്തകള്‍ വരെ... ലോകസാഹിത്യത്തിന്റെ നിറുകയില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയ വനിത എന്ന ബഹുമതിയും ഡോറിസിനു തന്നെ. സാഹിത്യ നൊബേല്‍ സമ്മാനജേതാക്കളില്‍ വളരെ കുറവു മാത്രമാണു വനിതകള്‍. അവരില്‍ ഏറെ വൈകിമാത്രമാണ്‌ ഈ വെളുത്തവര്‍ഗക്കാരിയായ ആഫ്രിക്കന്‍ എഴുത്തുകാരിക്കു നൊബേല്‍ എത്തുന്നതെന്ന വ്യഥമാത്രം.

-sunday mangalam

No comments: